മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവയ്ക്കില്ല. പകരം വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് മഹാവികാസ് അഗാഡി സഖ്യത്തിന്റെ തീരുമാനം. ബി.ജെ.പി പിന്തുണയുള്ള വിമതര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനം. ശിവസേനയിലെ വിമതനീക്കത്തിനു കാരണം ബി.ജെ.പിയെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ വിമത നീക്കത്തിന് ബിജെപിക്ക് പങ്കില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണ തനിക്കില്ലെന്നും ഏഴ് സ്വതന്ത്രരുള്‍പ്പെടെ അമ്പതോളം എം.എല്‍.എമാര്‍ തനിക്കൊപ്പമാണ്. അയോഗ്യരാക്കാനുള്ള നീക്കം നടക്കില്ല. എം.എല്‍.എമാരെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉദ്ദവിനെ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൂടുതല്‍ എം.എല്‍.എമാര്‍ ഇന്ന് ഗുവാഹത്തിയിലെ ക്യാംപിലേക്ക് എത്തിച്ചേരുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
വിമത എം.എല്‍.എമാര്‍ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലില്‍ തുടരുകയാണ്. എന്നാല്‍, സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. എന്‍.സി.പി പിന്നോട്ട് പോകില്ല, സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തുടരും. ഇത് ശിവസേനയുടെ ആഭ്യന്തര കാര്യമാണ്. ഉദ്ദവ് താക്കറെയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചു ചേര്‍ത്ത നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എം.പിമാരും വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.