കോഴിക്കോട്: ജില്ലയിലെ വര്‍ധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ-ബോധവല്‍ക്കരണ പരിപാടിയായ ‘പുതുലഹരിയിലേക്ക്’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജീവിതത്തില്‍ സന്തോഷം നല്‍കുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവര്‍ത്തനങ്ങളെയോ ആണ് ‘പുതുലഹരി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മനസ്സിനും ശരീരത്തിനും ഹാനികരമാകുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ വെടിഞ്ഞ് ജീവിതത്തിലെ പലതായ മേഖലകളില്‍ നിന്ന് പുതുലഹരികള്‍ കണ്ടെത്തുക എന്ന അര്‍ത്ഥത്തിലാണ് പദ്ധതിക്ക് ‘പുതുലഹരിയിലേക്ക്’ എന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 27ന് വെള്ളയില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയ ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയിലെ കോളജ് വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കാളികളാകും. ചടങ്ങിന് മുന്നോടിയായി ബൈക്ക്, സൈക്കിള്‍, സ്‌കൈറ്റേഴ്‌സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ റാലി ഒരുക്കും. തുടര്‍ന്ന് വൈകീട്ട് സംഗീത നിശയും അരങ്ങേറും. ഇതിന് മുന്നോടിയായി കുട്ടികളിലെ പുതുലഹരി കണ്ടെത്തുന്നതിനായി ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരില്‍ വൊട്ടെടുപ്പ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലാണ് വൊട്ടെടുപ്പ് സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ഒരുലക്ഷം കോളജ് വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരഞ്ഞെടുത്ത ക്യാമ്പസുകളില്‍ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തും. ഇന്ന് രാവിലെ മുതല്‍ ക്യാമ്പസുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. പരിപാടിയില്‍ പങ്കാളികളായി നശാ മുക്ത് ഭാരത് അഭിയാന്‍ തയ്യാറാക്കിയ പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് ഇ- സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും. ജില്ലയിലെ നാല് താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളും ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, തിരഞ്ഞെടുത്ത കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി 100-ലധികം കേന്ദ്രങ്ങളിലൂടെ ‘പുതുലഹരിയിലേക്ക്’ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രയാണത്തിന് സ്വീകരണം നല്‍കുകയും ലഹരി അവബോധ സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. വാഹനത്തിനുള്ളില്‍ മിനി എക്‌സിബിഷനും വീഡിയോ പ്രദര്‍ശനവുമുണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് വാഹനം സജ്ജീകരിച്ചത്. തിരഞ്ഞെടുത്ത കവലകളില്‍ ഇന്ററാക്ടീവ് ഗെയിംസ്, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ചര്‍ച്ചകള്‍, ക്വിസ് സെഷനുകള്‍, തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ബാലറ്റ് ഓണ്‍ വീല്‍സ് എന്ന സഞ്ചരിക്കുന്ന പതിപ്പും ഇത്തരം കേന്ദ്രങ്ങളില്‍ ക്രമീകരിക്കും. ട്രൈബല്‍ കോളനികളും, തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. വാഹനം ഇന്ന് എരഞ്ഞിപ്പാലം സെന്റ്. സേവ്യേഴ്‌സ് കോളേജില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നശാ മുക്ത് ഭാരത് അഭിയാന്‍, എക്‌സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വീട്ടമ്മമാര്‍, അധ്യാപകര്‍ തുടങ്ങി എല്ലാ സാമൂഹ്യവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. കൗണ്‍സിലിങ്ങ്, ഡീ അഡിക്ഷന്‍ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനായുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തനതായ ശൈലിയില്‍ വിഷയത്തെ അവതരിപ്പിച്ച് ലഹരിക്കെതിരായി അവര്‍ക്കിടയില്‍നിന്നുതന്നെ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കും. പദ്ധതിയുമായി ചേര്‍ന്ന് ക്യാമ്പസ് ഓഫ് കോഴിക്കോട് മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോളജുകള്‍ക്ക് അംഗീകാരം നല്‍കും. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ അബു എബ്രഹാം, അസി. എക്‌സൈസ് കമ്മീഷ്ണര്‍ എം. സുഗുണന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.