ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേയുള്ള ഹരജി സുപ്രീം കോടതി തള്ളി. കലാപ സമയത്ത് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ എഹ്സാന്‍ ജഫ്രിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തങ്ങള്‍ക്ക് മുന്‍പാകെ വന്ന തെളിവുകള്‍ ഒന്നും പരിശോധിക്കാന്‍ തയാറാകാതിരുന്ന എസ്.ഐ.ടിക്കെതിരേ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ നിരത്തിയ വാദങ്ങള്‍ തള്ളിയാണ് കോടതിയുടെ വിധി.