കോഴിക്കോട്: ആവിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റിനെതിരേ ഇന്ന് പ്രതിഷേധവുമായി നാട്ടുകാര്‍. സര്‍വേക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. പ്രദേശത്തത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലിസ് സന്നാഹം തന്നെ ആവിക്കലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന എം.കെ രാഘവന്‍ എം.പി അടക്കമുള്ളവരുടെ ആവശ്യം ജില്ലാ കലക്ടര്‍ തള്ളുകയും ചെയ്തിരുന്നു. സമരസമിതി ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.
നിര്‍ത്തിവച്ച മാലിന്യനിര്‍മാര്‍ജന പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് കോര്‍പറേഷനില്‍ നിന്ന് യാതൊരുവിധത്തിലുള്ള അറിയിപ്പുകളും ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെംബറും സമരസമിതി നേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. ജനവാസമേഖലയില്‍ ഇത്തരമൊരു പ്ലാന്റിന്റെ ആവശ്യമില്ലെന്നും പ്ലാന്റ് വന്നാല്‍ തങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയുള്ളൂവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുന്‍പ് തന്നെ പ്ലാന്റിനെതിരേ എതിര്‍ത്തതാണെന്നും അന്ന് പ്ലാന്റിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ യാതൊരു വിധത്തിലുള്ള മുന്നറിയിപ്പില്ലാതെ വന്നത് കോര്‍പറേഷനില്‍ നടക്കുന്ന അഴിമതി പുറത്തുവരുന്നത് തടയാനാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരമൊരു പ്ലാന്റിന്റെ ആവശ്യമില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് രംഗത്തെത്തിയിരുന്നു.