അനിത പുല്ലയില്‍ നിയമസഭയിലെത്തിയ സംഭവം; നാല് സഭാ ജീവനക്കാര്‍ക്കെതിരേ നടപടി

അനിത പുല്ലയില്‍ നിയമസഭയിലെത്തിയ സംഭവം; നാല് സഭാ ജീവനക്കാര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ജോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണമുയര്‍ന്ന അനിത പുല്ലയില്‍ ലോക കേരളസഭ സമ്മേളനവുമായി ബന്ധപ്പെട്ട് നിയമസഭാ സമുച്ചയത്തിലെത്തിയ സംഭവത്തില്‍ നാല് കരാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സഭാ ടി.വിയുടെ കരാര്‍ ജീവനക്കാര്‍ക്കെതിരേയാണ് നടപടി. ഇവരെ ചുമതലയില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍ അറിയിച്ചു. ഫലീല, വിപുരാജ്, പ്രവീണ്‍, വിഷ്ണു എന്നിവര്‍ക്കെതിരേയാണ് നടപടിയെടുത്തത്. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയത്. സഭ ടി.വിയുടെ സാങ്കേതിക സേവനം നല്‍കുന്ന ടീമിലെ ജീവനക്കാരിയോടൊപ്പമാണ് കയറിയത്. നിയമസഭാ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരും അനിതയെ സഹായിച്ചിട്ടില്ല. സഭയില്‍ കയറിയതിന് ഇവര്‍ക്കെതിേരെ കേസെടുക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നിയമസഭയില്‍ കടന്ന അനിത പുല്ലയിലിനെതിരേ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മലയാളം മിഷനും പ്രവാസി സംഘടനകള്‍ക്ക് പാസ് നല്‍കിയിരുന്നു. ഇതിലൊരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ ഇനി വിവാദം തുടരണമോ വേണ്ടയോ എന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്നും എം.ബി രാജേഷ് പറഞ്ഞു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചീഫ് മാര്‍ഷല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് അനിത നിയമസഭയില്‍ പ്രവേശിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ചീഫ് മാര്‍ഷല്‍ പ്രവീണിനൊപ്പമാണ് അനിത നിയമസഭയില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാണ് അനിത അകത്ത് കയറിയത്. സംഭവത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് വീഴ്ച പറ്റിയിട്ടുണ്ട്. വാച്ച് ആന്‍ഡ് വാര്‍ഡിന് അനിതയെ അറിയില്ലായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇടപ്പെട്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *