തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ബന്ധമുള്ള തിമിംഗലങ്ങളാണെന്ന് സരിത എസ്. നായര്‍. തന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും സരിത നായര്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ പി.സി ജോര്‍ജ്, സ്വപ്‌ന സരിത്, ക്രൈം നന്ദകുമാര്‍, ചില രാഷ്ട്രീയക്കാരുമുണ്ട്. ക്രൈം നന്ദകുമാറിന്റെ ഓഫിസിലാണ് ഇതു സംബന്ധിച്ച ഗൂഢാലോചന നടന്നത്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോള്‍ വെറുതെയിരുന്നാല്‍ ശരിയാവില്ലെന്ന് കരുതി. പി.സി ജോര്‍ജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. താന്‍ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്. വിവാദങ്ങളില്‍ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സരിത പറഞ്ഞു.
2015 തൊട്ട് തുടങ്ങിയ സംഭവമാണ്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്‍ പി.സി ജോര്‍ജ് അല്ല. അദ്ദേഹത്തിന് പിന്നില്‍ നമ്മള്‍ കാണാത്ത വലിയ തിമിംഗലങ്ങളുണ്ട്. തന്നെ സമീപിച്ചത് പി.സി ജോര്‍ജാണ്. വരും ദിവസങ്ങളില്‍ സത്യാവസ്ഥ മനസിലാകുമെന്നും സരിത നായര്‍ പറഞ്ഞു.