കോഴിക്കോട്: ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിച്ച നാട്ടുകാരെ പോലിസ് അറസ്റ്റ് ചെയ്തു. സമരസമിതിയുടെ പ്രധാന നേതാക്കളെയും വാര്‍ഡ് കൗണ്‍സിലറെയും അടക്കം പോലിസ് അറസ്റ്റ് ചെയ്തു.
നിരവധി തവണ മാറ്റിവച്ച സര്‍വേ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ചുമായി നീങ്ങിയതോടെയാണ് പോലിസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
പ്രദേശത്ത് മാലിന്യപ്ലാന്റ് ആവശ്യമില്ല എന്നത് കോര്‍പറേഷനെ അറിയിച്ചതാണെന്നും കോര്‍പറേഷനിലെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്ലാന്റിന്റെ സര്‍വേ നടത്താനുള്ള നീക്കമെന്നും നാട്ടുകാര്‍ ആരോപിച്ചു. സര്‍വേ തടയാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. നാളെയും സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സമരത്തിന് പിന്തുണയറിയിച്ച് യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.