ബൈഡനേക്കാള്‍ മികച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; ഇസ്രായേല്‍ അഭിപ്രായ സര്‍വേ

ബൈഡനേക്കാള്‍ മികച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; ഇസ്രായേല്‍ അഭിപ്രായ സര്‍വേ

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ ജനപ്രിയനും മികച്ച ഭരണാധികാരിയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നെന്ന തരത്തില്‍ അഭിപ്രായ സര്‍വേ. ഇസ്രായേലില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ട്രംപിനെക്കാള്‍ കുറവ് പിന്തുണ ബൈഡന് ലഭിച്ചത്. സര്‍വേ നടത്തിയ 18 രാജ്യങ്ങളില്‍ ട്രംപിനെ പിന്തുണക്കുന്ന ഏക രാജ്യവും ഇസ്രായേലാണ്. പ്യൂ റിസര്‍ച്ച് സെന്ററാണ് ബുധനാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അമേരിക്ക, നാറ്റോ, റഷ്യ എന്നിവയുടെ നേര്‍ക്കുള്ള അന്താരാഷ്ട്ര നിലപാട് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍വേ നടത്തിയത്. ഫെബ്രുവരി 14 മുതല്‍ മേയ് 11 വരെയായിരുന്നു സര്‍വേ. ഇസ്രായേലില്‍ നടത്തിയ സര്‍വേയില്‍ പത്തില്‍ ആറ് ഇസ്രായേലികള്‍ മാത്രമാണ് ബൈഡനെ പിന്തുണച്ചത്, അതായത് 60 ശതമാനം പിന്തുണ. എന്നാല്‍ 2019ല്‍ നടത്തിയ ഇതേ സര്‍വേയില്‍ 71 ശതമാനം പേരും ട്രംപിനെ പിന്തുണച്ചിരുന്നു.

അതേസമയം, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവര്‍ക്ക് 38 ശതമാനം പിന്തുണ മാത്രമാണ് ഇസ്രായേലില്‍ ലഭിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ബൈഡന് മികച്ച സ്വീകാര്യതയാണ് ഇസ്രായേലിലുള്ളത്. യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായി ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കേയാണ് സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്.

‘അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചുള്ള ഇസ്രായേലികളുടെ നിലപാട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മാറിമാറി വരുന്നുണ്ട്. എന്നാല്‍, അമേരിക്കക്ക് നേരെയുള്ള മൊത്തത്തിലുള്ള ആറ്റിറ്റിയൂഡ് അനുകൂലമായി നിലനില്‍ക്കുന്നുണ്ട്,” സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ നടത്തിയ സര്‍വേയില്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഒബാമക്കും ഇസ്രായേലില്‍ 71 ശതമാനം പിന്തുണ ലഭിച്ചിരുന്നു. അതേസമയം, സര്‍വേയില്‍ ഏറ്റവും കുറവ് പിന്തുണ ലഭിച്ചതിന്റെ റെക്കോര്‍ഡും ഒബാമയ്ക്കാണ്. 2011, 2015 വര്‍ഷങ്ങളില്‍ നടത്തിയ സര്‍വേയില്‍ 49 ശതമാനം പിന്തുണ മാത്രമാണ് ഒബാമക്ക് ലഭിച്ചിരുന്നത്. ജോര്‍ജ് ഡബ്ല്യു. ബുഷാണ് സര്‍വേയില്‍ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്. 2003ല്‍ ഇസ്രായേലില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 83 ശതമാനം പേരായിരുന്നു ബുഷിനെ പിന്തുണച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *