കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ മുസ്‌ലിം ലീഗ്. സംസ്ഥാന കമ്മിറ്റിയംഗമായ ഖാദറിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം നാളെ പാണക്കാട് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തും കെ.എന്‍.എ ഖാദറിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍, ലീഗ് നേതൃത്വത്തിന്റ നിലപാടിനെതിരേ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ ആണ്. അദ്ദേഹം എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതിലാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ലീഗ് നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നതാണ് അര്‍ത്ഥം. ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നതല്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു.
ആര്‍.എസ്.എസ് മുഖപത്രമായ കേസരി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. സാംസ്‌കാരിക പരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്ന് ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പരിഗണനയിലുണ്ട്.