തിരുവനന്തപുരം: മൂന്നാമത് ലോകകേരളസഭ നിഷ്‌ക്രിയമായ സഭയായിരുന്നെന്നും പ്രയോഗികമല്ലാത്ത സമീപനരേഖ അവതരിപ്പിച്ച് പ്രവാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച 12 പ്രവാസി സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുക, പ്രവാസി പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുക, അതിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുക, പ്രവാസികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് അതത് രാജ്യങ്ങളില്‍ നിയമസംവിധാനം നടപ്പാക്കുക, പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നീ കാതലായ വിഷയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വ്യവസായ നിക്ഷേപ സൗഹൃദത്തില്‍ കേരളം രാജ്യത്ത് 28ാം സ്ഥാനത്താണ്.
സംസ്ഥാനത്ത് ചുവപ്പ് നാടയുടെ കുരുക്കില്‍പ്പെട്ട് പ്രവാസി ആത്മഹത്യയുടെ വക്കിലേക്ക് പോകുന്ന അവസ്ഥയാണ്. പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് നിലകൊള്ളുന്ന പ്രവാസി സംഘടനകളെ ഒഴിവാക്കി വ്യവസായ പ്രമുഖരെ അണിനിരത്തി മൂന്നാം ലോക കേരള സഭ സംഘടിപ്പിച്ചത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരമാര്‍ഗങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മിപ്പിക്കുകയാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് (ചെയര്‍മാന്‍, എന്‍.ആര്‍.ഐ കൗണ്‍സില്‍), ഡോ: ഗ്ലോബല്‍ ബഷീര്‍ (മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍, എന്‍.ആര്‍.ഐ കൗണ്‍സില്‍, യു.എ.ഇ), ജോസഫ് എം. ജോണ്‍ (ചെയര്‍മാന്‍, പ്രവാസി റസിഡന്റ്‌സ് കള്‍ച്ചറല്‍ അക്കാദമി, ഖത്തര്‍), ഡോ: കുര്യാത്തി ഷാജി (സംസ്ഥാന വൈസ് പ്രസിഡന്റ് , ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്‍), നാസര്‍ കിഴക്കതില്‍ (എന്‍.ആര്‍.ഐ വെല്‍ഫെയര്‍ ഫോറം, അബൂദാബി), സുലൈമാന്‍ ഖനി (പ്രമോട്ടര്‍, പ്രവാസി ടൗണ്‍ഷിപ്പ് പ്രോജക്ട്), നസീര്‍ തേമ്പാക്കാല (കെ.എം.സി.സി), ടി.പി. ആന്റണി (പ്രസിഡന്റ് , കേരള പ്രവാസി സംഗമം), എ.കെ. നൗഷാദ് (ചെയര്‍മാന്‍, പ്രവാസി മീഡിയാ), രാജു മലപ്പുറം (വൈസ് ചെയര്‍മാന്‍ എന്‍.ആര്‍.ഐ കൗണ്‍സില്‍), ഫിറോഷ് നൂണ്‍ (മലയാളി സമാജം, അബൂദാബി), ക്ലമന്റ് ആന്റോ (ജില്ലാ പ്രവാസി സംഘം, എറണാകുളം) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.