‘യോഗാമഹോത്സവ്’ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

‘യോഗാമഹോത്സവ്’ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

  • അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടത്തിയ ‘യോഗാമഹോത്സവ്’ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനസിക-ശാരീരികാരോഗ്യത്തിന് ഫലപ്രദമായ വ്യായാമമായും ചികിത്സയായും കാണുന്ന യോഗയെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിപറഞ്ഞു.

ലോകത്താകമാനം യോഗ പരിശീലിക്കുന്ന ഇക്കാലത്ത് വെറുമൊരു ദിനാഘോഷത്തില്‍ ഒതുങ്ങാതെ ഏവരും യോഗ പരിശീലിക്കണം. ശരീരത്തെയും ചിന്തകളെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു റിമോട്ട് കണ്‍ട്രോളര്‍ ആയി യോഗ പരിവര്‍ത്തിക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യജീവിതത്തില്‍ ഏറെ സഹായകരമായ യോഗയെ ലോകം അംഗീകരിച്ചതിന്റെ ഭാഗമായാണ് ഇന്ത്യ മുന്നോട്ടുവെച്ച അന്തരാഷ്ട്ര യോഗാദിനമെന്ന ആശയത്തെ സാര്‍വദേശീയമായി അംഗീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘യോഗ മാനവരാശിക്ക്’ എന്ന സന്ദേശത്തോടെ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധയിടങ്ങളിലായി 75 കേന്ദ്രങ്ങളില്‍ ‘യോഗമഹോത്സവ്’ നടത്തി. യോഗ പരിശീലനം ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നിലവില്‍ നാഷണല്‍ ആയുഷ് മിഷനു കീഴില്‍ 16 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ ആന്‍ഡ് നാച്ചുറോപ്പതിക് വിഭാഗം ഡോ. യമുന യോഗാസനങ്ങള്‍ വിശദീകരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷ്ണര്‍ എ. ഉമേഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ മന്‍സൂര്‍, ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍, ശുചിത്വ മഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ഒ. ശ്രീകല, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി. ത്യാഗരാജ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *