കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദേശപ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബുവിന്റെ വാദം. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാത്തതില്‍ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.
എന്നാല്‍, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടിവന്നുവെന്നും നടിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകളും കോടതി പരിശോധിച്ചിരുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.