മലപ്പുറം: ആര്‍.എസ്.എസിന്റെ ചടങ്ങില്‍ ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍ പങ്കെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി. ഖാദറിന്റ വിശദീകരണം ലഭിച്ചിട്ടുണ്ട്. അത് പാര്‍ട്ടി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ.എന്‍.എ ഖാദറിനോട് വിശദീകരണം തേടിയിരുന്നെന്നും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ലീഗിന് വിലക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍, ആര്‍.എസ്.എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് ഖാദര്‍ പറഞ്ഞു. സ്നേഹബോധി എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആശംസ പറയാന്‍ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകന്‍ രഞ്ജി പണിക്കരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആര്‍.എസ്.എസ് സംഘടപ്പിച്ച പരിപാടിയല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസരി മന്ദിരത്തില്‍ വച്ചു നടന്ന സ്നേഹബോധി ചടങ്ങിന്റെ ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാച്ഛാദനം ചെയ്ത കെ.എന്‍.എ ഖാദറിനെ ആര്‍.എസ്.എസ് നേതാവ് ജെ.നന്ദകുമാറാണ് പൊന്നാടയണിയിച്ചത്.