തിരുവനന്തപുരം: സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെ.പി.സി.സി പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡ് തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ പുനഃസംഘടനാ പട്ടികയില്‍ സാമുദായിക സന്തുലനം പാലിക്കപ്പെട്ടിട്ടില്ല. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കൂട്ടണമെന്നുമാണ് പട്ടിക തള്ളിക്കൊണ്ട് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ പട്ടികയില്‍ രണ്ടു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു. നിലവിലെ കെ.പി.സി.സി അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പട്ടിക തയ്യാറാക്കിയത്. പാര്‍ട്ടി വിട്ടുപോയവരും മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ തീരുമാനിച്ചത്.
ചിന്തന്‍ ശിബിരത്തിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടുവേണം പട്ടിക തയ്യാറാക്കാനെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി സ്ഥാനങ്ങളില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്നായിരുന്നു ചിന്തന്‍ ശിബിരത്തിലെ തീരുമാനം. ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.
ഗ്രൂപ്പ് നോക്കിയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു പ്രതിനിധികള്‍ എന്ന കണക്കില്‍ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെ.പി.സി.സി അംഗങ്ങളായി എത്തേണ്ടത്.