ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. ഡല്‍ഹിയില്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം പാര്‍ലമെന്റ് അനക്‌സിലാണ് ചേര്‍ന്നത്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിന്‍ഹയുടെ പേര് രാഷ്ട്രപതി സ്ഥാനാത്ഥിയായി അംഗീകരിക്കപ്പെട്ടത്.
സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീട് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും ഗോപാല്‍ കൃഷ്ണ ഗാന്ധിയും പിന്‍മാറിയതിനെ തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയുടെ പേര് പരിഗണനയിലെത്തിയത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2018ല്‍ ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ വാജ്‌പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.