ഷാര്‍ജ: അഗ്നിപഥ് ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നിഗൂഢപദ്ധതിയാണെന്ന് എം.എം.ജെ.സി യു.എ.ഇ പ്രസിഡന്റും കെ.എം.സി.സി നേതാവുമായ ടി.പി മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത മൂല്യങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെടുന്ന പട്ടാളത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഈ പദ്ധതി കൊണ്ട് സാധിക്കുകയുള്ളുവെന്നും ജനാധിപത്യ രീതിയിലൂടെ പ്രതിരോധിക്കുന്നവരെ ബുള്‍ഡോസര്‍ രാജിലൂടെ ഭയപ്പെടുത്തുകയാണെന്നും ഇത് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇന്ത്യന്‍ സൈന്യം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്നും അതിനെ സങ്കുചിത രാഷ്ട്രീലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ടി.പി അഭിപ്രായപ്പെട്ടു.
അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ 40ാം ചരമദിനത്തില്‍ പ്രാര്‍ത്ഥന നടത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. മത, സാമൂഹ്യ, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നീണ്ട സേവനം ചെയ്തു വരുന്ന കായക്കൊടി ഇബ്രാഹിം ഉസ്താദ്, ടി.പി മഹമ്മൂദ് ഹാജി, ടി.കെ ഹമീദ് സാഹിബ്, പുന്നക്കന്‍ ബീരാന്‍ ഹാജി, എന്‍.കെ ഹമീദ്, സി.പി ജലീല്‍ എന്നിവരെ സംഗമത്തില്‍വച്ച് ആദരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഐ.എ.എസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ഉപഹാരങ്ങള്‍ നല്‍കി. പി.മൊയ്തീന്‍ ഷാജി, എന്‍.കെ റാസിക്ക്, കെ.ആസാദ്, എം.കെ സാജിദ്, കെ.മഹമൂദ്, ജാബിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ.ശരീഫ് സ്വാഗതവും എം.കെ ഇക്ബാല്‍ നന്ദിയും പറഞ്ഞു.