കോഴിക്കോട്: അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ചതിന്റെ തീക്ഷണമായ അനുഭവങ്ങള്‍ പങ്കുവച്ച് രോഗവിമുക്തര്‍ ഒത്തുചേര്‍ന്നു. പേടിച്ചോടേണ്ട രോഗമല്ല അര്‍ബുദമെന്നും സമചിത്തതയോടെ പ്രതിരോധിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. കാന്‍സര്‍ സര്‍വൈവേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയല്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് രോഗത്തെ പോരാടി തോല്‍പ്പിച്ചവര്‍ അതിജീവനത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിച്ചത്.
ബന്ധുക്കളും ആശുപത്രിയും നല്‍കുന്ന സ്‌നേഹവും കരുതലും രോഗത്തോടുള്ള പോരാട്ടാത്തില്‍ സുപ്രധാനമാണന്ന് അതിജീവിതര്‍ വ്യക്തമാക്കി. രോഗബാധിതര്‍ക്ക് പ്രചോദനാത്മകമായ നിര്‍ദേശങ്ങളും ചടങ്ങിലുണ്ടായി. ബി.എം.എച്ച് ഓഡിറ്ററിയത്തില്‍ നടന്ന ചടങ്ങ് ആശുപത്രി ചെയര്‍മാന്‍ ഡോ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസിലിറ്റി ഡയറക്ടര്‍ കൃഷ്ണദാസ് എം.എന്‍, ഡോ. ശശിധരന്‍. പി.ആര്‍, കവി മോഹനന്‍ പുതിയോട്ടില്‍, ഡോ. ധന്യ കെ.എസ്, ഡോ. ഷൗഫീജ് പി.എം, ഇന്ദ്രേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അര്‍ബുദത്തെ അതിജീവിച്ചവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ചടങ്ങിനോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.