ന്യൂഡല്‍ഹി: റിക്രൂട്ടിങ് പദ്ധതിയായ അഗ്നിപഥിനെതിരേയുള്ള പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്. അഗ്നിപഥ് ഇഷ്ടമുള്ളവര്‍ മാത്രം സൈന്യത്തില്‍ ചേര്‍ന്നാല്‍ മതി, അല്ലാത്തവര്‍ വേണ്ട്. ആരെയും നിര്‍ബന്ധിക്കില്ല, സ്വന്തം ഇഷ്ടപ്രകാരം മാത്രം സേനയില്‍ ചേരാമെന്നും ആരാണ് നിങ്ങളെ സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു.
നിങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബസ്സുകള്‍ കത്തിക്കുന്നു, ട്രെയിനുകള്‍ കത്തിക്കുന്നു, പൊതുമുതലുകള്‍ നശിപ്പിക്കുന്നു. എല്ലാവരെയും റിക്രൂട്ട് ചെയ്യില്ല, പകരം യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ മാത്രമേ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വി.കെ സിങിന്റെ ഈ പ്രസ്തവാനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. സ്വന്തം വിരമിക്കല്‍ മാറ്റിവയ്ക്കാന്‍ കോടതിയില്‍ പോയ ആളാണ് യുവാക്കളോട് 23ാം വയസില്‍ വിരമിക്കണമെന്ന് പറയുന്നത്. രാഹുല്‍ ഗന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ കോണ്‍ഗ്രസ് അസ്വസ്ഥരായതിനാലാണ് അവര്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തെറ്റ് കണ്ടെത്തുന്നതെന്ന് സിങ് കുറ്റപ്പെടുത്തി.