തിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കലാ-സാഹിത്യ- സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനത്തിനുള്ള സ്‌നേഹജ്യോതി പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുനീറ സെയ്ദ് മുഹമ്മദിന് സമ്മാനിച്ചു. ഞാങ്ങാട്ടിരി വട്ടൊള്ളി ഷീബ മന്‍സിലില്‍ മുനീറ സെയ്ദ് മുഹമ്മദ് പ്രവാസി അധ്യാപിക, എഴുത്തുകാരി, ചിത്രകാരി, സന്നദ്ധ പ്രവര്‍ത്തക തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇവര്‍, 1982ല്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂള്‍ ആരംഭിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും തുടര്‍ന്ന് ഇതേ സ്‌കൂളില്‍ 25 വര്‍ഷക്കാലം പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അബുദാബി മോഡല്‍ സ്‌കൂളിലും പ്രധാനാധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
റവന്യു ഇന്‍സ്‌പെക്ടറായിരുന്ന മൊയ്തുണ്ണിയുടെയും അധ്യാപികയായിരുന്ന കുഞ്ഞിബീവാത്തുവിന്റെയും മകളാണ്. സെയ്ദ് മുഹമ്മദാണ് ഭര്‍ത്താവ്. സ്ത്രീശാക്തീകരണ സാഹിത്യ പുരസ്‌കാരങ്ങള്‍ ഉഷ കുമ്പിടി, (കവിതാസമാഹാരം), ട്രീസ അനില്‍ (കഥ), വി.സതീദേവി (കഥ), ശ്രീജ സുനില്‍ (കവിത) എന്നിവര്‍ക്ക് മന്ത്രി ജി.ആര്‍ അനില്‍ വിതരണം ചെയ്തു. പ്രഭാത് ബുക്‌സ് ഡയറക്ടര്‍ പ്രൊഫ.എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രിയദര്‍ശിനി മാഗസിന്‍ എഡിറ്റര്‍ സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ കവിത വിശ്വനാഥ്, ഡോ. ജേക്കബ് മാത്യു ഒളശ്ശേല്‍, ഹരീഷ് കൊറ്റംപള്ളി, ഇ.ആര്‍ ഉണ്ണി, ശുഭ അനില്‍, സെബാസ്റ്റ്യന്‍ ജൂലിയാന്‍, കുമാരി അനുജ എ.വി എന്നിവര്‍ പ്രസംഗിച്ചു.