കോഴിക്കോട്: കാഴ്ചാ പരിമിതരായവരുടെ ഉന്നതിക്ക് വേണ്ടി ഇരുപത് വര്‍ഷത്തോളമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റിന്റെ നേതൃത്വത്തില്‍ വായനാദിനത്തില്‍ വൈകീട്ട് മൂന്ന് മുതല്‍ ആറുവരെ കിഡ്‌സണ്‍ കോര്‍ണറില്‍ ബ്രെയില്‍ വയനാപ്രദര്‍ശനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടി മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കുമാരനാശാന്റെ വീണപൂവ് (അറബി, മലയാളം), എ.പി.ജെ അബ്ദുല്‍ കലാമിന്റെ അഗ്നിചിറകുകള്‍, എസ്.കെ പൊറ്റക്കാടിന്റെ വിഷ കന്യക, ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷയുടെ പതിപ്പും ബ്രെയില്‍ വായനാ പ്രദര്‍ശനത്തിലുണ്ടാകും. 46 ഭാഷകളിലെ രചനകള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റാവുന്ന ആധുനിക പ്രസിലാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. സാഹിത്യ രചനകളടക്കമുള്ള 50ഓളം പുസ്തകങ്ങള്‍ തയ്യാറായി വരുന്നുണ്ട്. ബ്രെയില്‍ ലിപിയില്‍ പരിശീലനവും നല്‍കുന്നുണ്ട്.
കാഴ്ച പരിമിതര്‍ക്ക് വായനാശീലം വളര്‍ത്തുക, അധികവായനക്ക് പുസ്തകങ്ങള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എ കരീം മാസ്റ്ററും ജനറല്‍ സെക്രട്ടറി പി.ടി മുസ്തഫയും കൂട്ടിച്ചേര്‍ത്തു. മത-രാഷ്ട്രീയപരമായ യാതൊരു പരിഗണനകളുമില്ലാതെ കാഴ്ച പരിമിതരായ ആളുകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ണമായും സൗജന്യമാണ്. കാഴ്ച പരിമിതരെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനും അവരുടെ വിവാഹമടക്കം നടത്തികൊടുക്കുന്നതിനും സൊസൈറ്റി മുന്‍കൈയെടുക്കുന്നുണ്ട്. 37ഓളം വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ അസ്സബാഹ് പി.ആര്‍ ഒ.പി അബൂബക്കര്‍ കുനിയില്‍, ജനറല്‍ കണ്‍വീനര്‍ ഹസ്സന്‍ സിദീഖ് നഹ്ദി, വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.