മുഖ്യനെതിരേ സ്വപ്‌നയുടെ കൈയില്‍ തെളിവില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു പാര്‍ട്ടിയെന്ന് സരിത

മുഖ്യനെതിരേ സ്വപ്‌നയുടെ കൈയില്‍ തെളിവില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു പാര്‍ട്ടിയെന്ന് സരിത

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായര്‍. ആരോപണങ്ങള്‍ സത്യമാണെന്നതിന് സ്വപ്നയുടെ കയ്യില്‍ തെളിവുകളൊന്നുമില്ല. സ്വപ്ന പറയുന്നത് സത്യമാണെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമായിരുന്നുവെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഇക്കാര്യം സ്വപ്ന ജയിലില്‍ വെച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും സരിത വ്യക്തമാക്കി. അതേസമയം സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സരിതയുടെ ഹരജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. സ്വപ്‌നയുടെ മൊഴിയില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതേ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയുന്നതിന് തനിക്ക് അവകാശമുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയിരുന്നത്.

കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു. അതേസമയം സ്വപ്‌നാ സുരേഷിന് എതിരേയുള്ള ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യമൊഴി ഈ മാസം 23ന് എടുക്കും. അതിനിടെയാണ് സരിത രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ സ്വപ്നയും പി.സി ജോര്‍ജും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി സരിത പറഞ്ഞിരുന്നു.

സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ ഗൂഢാലോചന കേസിന്റെ അന്വേഷണത്തിന് രഹസ്യമൊഴി അത്യാവശ്യമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. എന്നാല്‍ മൊഴിയുടെ പകര്‍പ്പ് മൂന്നാമതൊരു ഏജന്‍സിക്ക് നല്‍കാന്‍ പാടില്ലെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം ശരിവെച്ച കോടതി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളുകയായിരുന്നു. സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *