കോഴിക്കോട്: 2006-ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കിയ സ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍ വാഹിദ് ശൈഖിന്റെ കഥപറയുന്ന ബോളിവുഡ് സിനിമ ‘ഹീമോലിംഫ്’ പ്രദര്‍ശിപ്പിച്ചു. ഈ സിനിമ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ റിലീസായെങ്കിലും കേരളത്തില്‍ റിലീസ് ചെയ്തിരുന്നില്ല. കേരളത്തില്‍ ആദ്യത്തെ പ്രദര്‍ശനമായിരുന്നു ശനിയാഴ്ച നടന്നത്. കോഴിക്കോട് ആശീര്‍വാദ് തീയ്യേറ്ററില്‍ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിലാണ് ഹീമോലിംഫന്റെ പ്രീമിയര്‍ ഷോ നടന്നത്.
കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം അബ്ദുല്‍ വാഹിദ് ശൈഖ് തന്റെ അനുഭവങ്ങള്‍ ബേഗുനാഹ് ഖാഇദി (നിരപരാധിയായ തടവുകാരന്‍) എന്ന പേരില്‍ പുസ്തകമാക്കി മാറ്റിയിരുന്നു. ആ അനുഭവങ്ങളെ പ്രമേയമാക്കിയാണ് ഹീമോലിംഫ് എന്ന സിനിമ ഒരുക്കിയിരുക്കുന്നത്. സുദര്‍ശന്‍ ഗമാരേയാണ് സംവിധായകന്‍. ആശീര്‍വാദ് തീയ്യേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ സിനിമയുടെ സംവിധായകന്‍ സുദര്‍ശന്‍ ഗമേര, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്ര നടന്‍ റിയാസ് അന്‍വര്‍, അബ്ദുല്‍ വാഹിദ് ശൈഖ് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
കള്ളക്കേസില്‍ കുടുക്കപ്പെട്ട് അന്യമായി തടവറകളില്‍ കഴിയുന്ന ഇന്ത്യയിലെ ഒട്ടനവധി ചെറുപ്പക്കാരുടെ പ്രതിനിധിയായ വാഹിദ് ശൈഖിന്റെ അനുഭവ കഥ സിനിമയാകുമ്പോള്‍ സമാകാലിക ഇന്ത്യയില്‍ അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ സുദര്‍ശന്‍ ഗമേര പറഞ്ഞു. തന്നെ കള്ളക്കെസില്‍ കുടുക്കിയതിനെ കുറിച്ചും തന്റെ ജയിലനുഭവങ്ങളെക്കുറിച്ചും ഈ സിനിമയിലൂടെ ലോകമറിയുമെന്ന് അബ്ദുല്‍ വാഹിദ് ശൈഖ് പറഞ്ഞു.