- കോഴിക്കോട്ടെ ഡെവലപ്മെന്റ് സെന്റര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു
കോഴിക്കോട്: ടാറ്റ എലെക്സി കോഴിക്കോട് ഡെവലപ്മെന്റ് സെന്ററിന്റെ ഔദ്യോഗിക പ്രഖ്യാപനം കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മനോജ് രാഘവന്‍ നിര്‍വ്വഹിച്ചു. യു.എല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച മുതിര്‍ന്നമാദ്ധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയവേദിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇലക്ട്രിക് വാഹനം, കണക്റ്റഡ് കാര്‍, ഒറ്റിറ്റി, 5ജി, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ ആധുനികമേഖലകളിലാണ് കമ്പനി കേന്ദ്രീകരിക്കുന്നത്.
കോഴിക്കോട്ടെ പുതിയ ഡെവലപ്മെന്റ് സെന്ററിലേക്ക് രണ്ടുവര്‍ഷത്തിനകം 1000 എന്‍ജിനീയര്‍മാരെ ജോലിക്ക് എടുക്കുമെന്ന് ടാറ്റ എലക്സി ചീഫ് മാര്‍ക്കറ്റിങ് ഓഫീസറും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ നിതിന്‍ പൈ പറഞ്ഞു. ആദ്യഘട്ടമായി യുഎല്‍ സൈബര്‍ പാര്‍ക്കില്‍ 500 പേര്‍ക്ക് ജോലി ചെയ്യാവുന്ന സ്പേസ് ആണ് എടുത്തിരിക്കുന്നത്. ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ പരിഗണിക്കുമ്പോള്‍ 1000 പേര്‍ക്ക് ഇതിലൂടെ ജോലി ചെയ്യാനാകും. വടക്കന്‍ കേരളത്തിലെ ക്യാമ്പസുകളില്‍നിന്ന് റിക്രൂട്ട്മെന്റ് നടത്തും. എന്‍.ഐ.ടി കൂടാതെയുള്ള മികച്ച കോളേജുകളെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഇത് റിവേഴ്സ് ബ്രെയിന്‍ ഡ്രെയിനിന്റെ കാലമാണ്. ജോലിക്കായി കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു പോയ വടക്കന്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ നാട്ടില്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടാറ്റ എലെക്സി ഇപ്പോള്‍ നടത്തുന്ന ഗ്ലോബല്‍ റിക്രൂട്ട്മെന്റ് ഡ്രൈവിലെ 90 ശതമാനം അപേക്ഷകരും കേരളത്തിനു പുറത്തു ജോലി ചെയ്യുന്നവര്‍ ആണ്. നല്ലപങ്കും വടക്കന്‍ കേരളത്തിലുള്ളവര്‍. യൂറോപ്പിലും അമേരിക്കയിലും നിന്നാണു പത്തു ശതമാനത്തോളം. അവസരങ്ങള്‍ വളരുന്നതിനൊത്ത് റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍ സംഭവിക്കുകയാണ്.
കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം തുടങ്ങിയപ്പോള്‍ ജീവനക്കാരില്‍ കൂടുതല്‍ പേരും വടക്കന്‍ കേരളത്തിലാണെന്നു കണ്ടതിനെ തുടര്‍ന്നാണ് മലബാറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. യു.എല്‍ സൈബര്‍ പാര്‍ക്കിലെ ലോകനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങളാണ് രണ്ടാമത്തെ ഘടകം. ടാറ്റയെപ്പോലെതന്നെ സമൂഹപ്രതിബദ്ധതയുള്ള ഉന്നതമൂല്യവ്യവസ്ഥയുള്ള സ്ഥാപനമാണ് യു.എല്‍ സൈബര്‍ പാര്‍ക്കിന്റെ പ്രമോട്ടര്‍മാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്നു മനസിലാക്കിയതാണ് തീരുമാനം ഉറപ്പിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാതൃക രണ്ടാം നില, മൂന്നാം നില നഗരങ്ങളില്‍ നടപ്പാക്കുമെന്ന് ടാറ്റ ഇലെക്സി ഹ്യൂമന്‍ റിസോഴ്സസ് മേധാവി എസ്. രാജഗോപാല്‍ പറഞ്ഞു. കമ്പനിയില്‍ ജീവനക്കാരില്‍ 35 ശതമാനവും സ്ത്രീകളാണെന്നും തിരുവനന്തപുരത്ത് അത് 40 ശതമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റ എലെക്സി പോലെ ഒരു ബ്രാന്‍ഡ് യു.എല്‍ സൈബര്‍ പാര്‍ക്കിലേക്ക് വരുന്നതോടെ കോഴിക്കോട് ഒരു ഡിജിറ്റല്‍ ഡെസ്റ്റിനേഷനായി മാറുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഐ.ടിയുടെ വളര്‍ച്ച മറ്റു നഗരങ്ങളെപ്പോലെ കോഴിക്കോടിന്റെ വളര്‍ച്ചയ്ക്കും വഴിതുറക്കുമെന്ന് ഊരാളുങ്കല്‍ ഗ്രൂപ്പ് സി.ഇ.ഒ രവീന്ദ്രന്‍ കസ്തൂരി പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റി മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കിഷോര്‍ കുമാര്‍ ടി.കെ., ടാറ്റ ഇലെക്സി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.