ന്യൂഡല്‍ഹി: അഗ്നിപഥ് സ്‌കീമിനെതിരേ രാജ്യം മുഴുവനുമുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതടക്കം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പദ്ധതി പ്രഖ്യാപിച്ചതോടെ മുന്‍കാല സൈനികരടക്കം സമൂഹത്തിലെ പ്രമുഖ വ്യക്തികളെല്ലാം തന്നെ അഗ്നിപഥ് പദ്ധതിക്കെതിരേ രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള ഇടക്കാല റിക്രൂട്ട്‌മെന്റ് സൈന്യത്തിന്റെ പ്രൊഫഷണലിസത്തെയും അതുവഴി രാജ്യസുരക്ഷയെ ബാധിക്കുമെന്നായിരുന്നു. ഇങ്ങനെയുള്ള ആശങ്കകളും അതിലുപരി നിരവധി ചോദ്യങ്ങളും ഉയര്‍ന്നു.
ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹരജ സമര്‍പ്പിച്ചിരിക്കുന്നത്. അഗ്നിപഥ് പദ്ധതി ദേശസുരക്ഷയെയും പ്രതിരോധത്തെയും എങ്ങനെ ബാധിക്കുമെന്നും അതുപോലെ ഈ പദ്ധതി നടപ്പാക്കുന്നതുവഴി സമൂഹത്തില്‍ ഉയര്‍ന്ന പ്രത്യാഘാതങ്ങളെ കുറിച്ചും റിട്ട. സുപ്രീം കോടതി ജഡ്ജി വഴി പരിശോധിക്കണമെന്നാണ് ഹരജി. ഹരിയാന, പഞ്ചാബ് , യുപി ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ട് നശിപ്പിച്ചു. പലയിടത്തും ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നില്ല.
അതേ സമയം, അഗ്നിപഥിനെതിരേ ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരേ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ യുവാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാവിലെ മറീന ബീച്ചിന് സമീപമുള്ള യുദ്ധസ്മാരകത്തിന് മുമ്പിലായിരുന്നു നൂറിലധികം യുവാക്കള്‍ പ്രതിഷേധവുമായി എത്തിയത്. സൈനികജോലികള്‍ക്കായി പരിശീലനം നടത്തുന്നവരാണ് പ്രതിഷേധിച്ചത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നവരായിരുന്നു പ്രതിഷേധക്കാരില്‍ ഏറെയും. ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു. പോലീസുമായി നടന്നചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്നീട് പിരിഞ്ഞുപോയി. കാഞ്ചീപുരം, കോയമ്പത്തൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സംഘര്‍ഷവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് ചെന്നൈയില്‍ നിന്ന് ഉത്തരേന്ത്യക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.