- വര്‍ധിപ്പിച്ചത് 750 രൂപ
- സിലിണ്ടര്‍ ഒന്നിന് 2,200 രൂപ
കൊച്ചി: പുതിയ പാചക വാതക കണക്ഷന്‍ സെക്യൂരിറ്റി ഡെപ്പോസിറ് തുക കൂട്ടി എണ്ണ കമ്പനികള്‍. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലാണ് 750 രൂപയുടെ വര്‍ധന. മുന്‍ വിലയേക്കാള്‍ 52% വര്‍ധനവാണിത്. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. നേരത്തെ ഒരു കണക്ഷന് 1450 രൂപയായിരുന്നു സെക്യൂരിറ്റി ഡെപ്പോസിറ്റ്. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ സിലിണ്ടര്‍ ഒന്നിന് 2,200 രൂപയാണ് ഇനി സെക്യൂരിറ്റിയായി അടക്കേണ്ടത്. 14.2 കിലോ സിലിണ്ടര്‍ കണക്ഷന്റെ തുകയാണ് 1,450ല്‍ നിന്ന് 2,200 രൂപയാക്കിയത്.
ഇതിനുപുറമേ അഞ്ച് കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 800 രൂപയായിരുന്നത് 1,150 രൂപയാക്കി. സിലിണ്ടറുകള്‍ക്കൊപ്പം ഗ്യാസ് റെഗുലേറ്ററുകളുടെ വിലയിലും വര്‍ധനവുണ്ട്. 100 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 150 രൂപ ഇടാക്കിയിരുന്ന സ്ഥാനത്ത് റെഗുലേറ്ററുകള്‍ക്ക് ഇനി 250 രൂപ നല്‍കണം.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി ഒന്‍പത് കോടി സ്ത്രീ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പാചക വാതകത്തിനും എല്‍.പി.ജിക്കും സബ്സിഡി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 20 മുതല്‍ പാചകവാതകത്തിന് ഏക സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.