തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വധശ്രമമാണ് വിമാനത്തില്‍ നടന്നത്. മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുന്‍പായിരുന്നു പ്രതിഷേധം. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന് മുദ്രാവാക്യം മുഴക്കിയെന്നും കോടിയേരി വ്യക്തമാക്കി. സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ജീവനക്കാരും തടഞ്ഞതിനാലാണ് പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത്. അദ്ദേഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പോലിസും ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം ലേഖനത്തില്‍ വിശദീകരിച്ചു. പ്രതിഷേധിക്കുന്നതിന് വേണ്ടി മൂന്ന് പേര്‍ വിമാനത്തില്‍ കയറുമെന്ന് പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു. ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നുമാണ് കോടിയേരി ആദ്യം പറഞ്ഞിരുന്നത്.
അതേ സമയം പ്രതിഷേധത്തില്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷിക്കുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. വിമാനത്തില്‍ ഇന്ന് പോലിസ് പരിശോധന നടത്തിയിരുന്നു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന് ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം.