കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശന സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ 19ന് ഏകദിന വനിത ശില്‍പശാല സംഘടിപ്പിക്കും. രാവിലെ 10ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി.പി അബൂബക്കര്‍ അധ്യക്ഷനാകും. നാല് സെഷനുകളില്‍ എഴുത്തുകാരികളായ ലതാലക്ഷ്മി -കഥയിലെ സ്ത്രീയും സമൂഹവും, ഡോ.ആര്‍ രാജശ്രീ-സ്ത്രീക്ക് ഒരു ഭാഷയുണ്ടോ?, ഡോ. രോഷ്‌നി സ്വപ്‌ന- മലയാളത്തിലെ സ്ത്രീ കവിത, സജിത മഠത്തില്‍- അരങ്ങിലെ സ്ത്രീ എന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും എഴുത്തുകാരികളും എഴുതിത്തുടങ്ങുന്നവരും ഉള്‍പ്പെടെ 100 പേര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി, വി.ജുലൈന( ലൈബ്രേറിയന്‍, വനിത പുസ്തക വിതരണ പദ്ധതി, ദര്‍ശനം), ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി എം.എ ജോണ്‍സന്‍, കോര്‍ഡിനേറ്റര്‍ കെ.പി ജഗന്നാഥന്‍ എന്നിവര്‍ പങ്കെടുത്തു.