അഗ്നിപഥില്‍ രാജ്യത്താകെ പ്രതിഷേധം ശക്തം; ബിഹാറില്‍ വീണ്ടും ട്രെയിനിന് തീയിട്ടു

അഗ്നിപഥില്‍ രാജ്യത്താകെ പ്രതിഷേധം ശക്തം; ബിഹാറില്‍ വീണ്ടും ട്രെയിനിന് തീയിട്ടു

  • പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി ഉയര്‍ത്തി കേന്ദ്രം
  • യു.പിയില്‍ സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ പുതിയ റിക്രൂട്ടിഹ് പദ്ധതിയായ അഗ്നിപഥിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. അഗ്നിപഥിനെതിരേ മുന്‍ സൈനികരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിഹാറില്‍ ഭഭുവ റോഡ് സ്‌റ്റേഷനില്‍ ട്രെയിനിന്റെ ബോഗിക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു.

പ്രതിഷേധം ശക്തമായതോടെ വിട്ടുവീഴ്ചയ്ക്ക് തയാറായി കേന്ദ്രസര്‍ക്കാര്‍. നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23ആക്കി ഉയര്‍ത്തി. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇളവ് ഒരു വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നത്. എന്നാല്‍, ഇതൊന്നും പ്രതിഷേധത്തെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

ബിഹാറില്‍ ഇന്ന് വീണ്ടും ട്രെയിന്‍ അഗ്നിക്കിരയാക്കി. ബിഹാറിലെ മൊഹിയിദ്ധീന്‍ നഗര്‍ സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനാണ് അഗ്നിക്കിരയാക്കിയത്. കൂടാതെ ലകിസരായില്‍ വിക്രംശില എക്‌സ്പ്രസിന് തീയിട്ടു.
കൂടാതെ ഉത്തര്‍പ്രദേശിലെ ബാല്ലിയ ജില്ലയില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും സ്റ്റേഷനില്‍ നാശനഷ്ടം വരുത്തുകയും ചെയ്തു. കൈയില്‍ കരുതിയ വടികള്‍ കൊണ്ട് പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനിലെ കടകളും ബെഞ്ചുകളും തല്ലിത്തകര്‍ത്തു. ആളുകള്‍ കൂടിയതോടെ പോലിസ് രംഗത്തെത്തി പ്രതിഷേധക്കാരെ തിരിച്ചയച്ചു.

അഗ്നിപഥിനെതിരേ ആദ്യം ബിഹാറിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ ഹരിയാന,യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. അക്രമാസക്തമായ പ്രതിഷേധത്തില്‍ ഹരിയാനയിലെ പല്‍വാലില്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും എസ്.എം.എസ് സൗകര്യവും 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു.
ഇന്നലെ സംഘര്‍ഷമുണ്ടായ ബിഹാര്‍, യു.പി ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചേക്കാം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആശങ്ക.

കരാറടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഇവരില്‍ 25 ശതമാനത്തിന് മാത്രം സൈന്യത്തില്‍ തുടരാം. ബാക്കിയുള്ളവര്‍ക്ക് പിരിയുമ്പോള്‍ 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ നല്‍കും. ഇവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാവില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *