കോഴിക്കോട്: മുഹമ്മദ് നബിയെ കല്ലെറിയുന്നവര്‍ കണാതെ പോകുന്നത് എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ വൈകുന്നേരം ഹോട്ടല്‍ സ്പാനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാചക നിന്ദക്കെതിരേ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കുക, തെറ്റിധാരണകളകറ്റുക, പ്രവാചക പാഠങ്ങള്‍ ജനകീയമാക്കുക, സാമൂഹിക പരിവര്‍ത്തനത്തില്‍ നബി മാതൃകകള്‍ക്ക് പ്രചാരണം നല്‍കുക, വിദ്വേഷ അജണ്ടകളെ തുറന്നു കാണിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ മുഖ്യതിഥിയാവും. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.സി ഹാരിസ് കായക്കൊടിയാണ് മോഡറേറ്റര്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ.പ്രവീണ്‍കുമാര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, ബാബു പറശ്ശേരി എന്നിവര്‍ സംബന്ധിക്കും. നബി വിമര്‍ശനത്തിന്റെ വികാസ പരിണാമങ്ങള്‍, പ്രവാചകനിന്ദ പ്രകോപിക്കുന്നത് ആരെ?, നമ്മുടെ ദൂതന്‍ വിമര്‍ശനത്തിന്റെയും നിന്ദയുടെയും അതിരടയാളങ്ങള്‍, അവര്‍ക്ക് ചതുര്‍ഥി പ്രവാചകനോട് മാത്രം, നബി നിന്ദയുടെ ബാക്കിപത്രം, വിമര്‍ശകരുടെ സെല്‍ഫ് ഗോളുകള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സി.പി സലീം, കെ.താജുദീന്‍ സ്വലാഹി, നദീം അബ്ദുല്ല, ഡോ: സി.പി അബ്ദുബാസില്‍, മുഹമ്മദ് അജ്മല്‍ .സി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മല്‍, വി.ടി ബഷീര്‍, അസ്ഹര്‍ ഫറോക്ക്, കെ.വി മുഹമ്മദ്, ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു.