തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെ കുറിച്ച് വിമാനക്കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം ഉണ്ടായതെന്ന് കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും പറഞ്ഞിരുന്നു, എന്നിട്ടും വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. റിപ്പോര്‍ട്ടില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പേര് ബോധപൂര്‍വം ഒഴിവാക്കി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കണ്ണൂര്‍ സ്വദേശി ആയ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതിനാല്‍ റിപ്പോര്‍ട്ട് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയത് മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോഴാണെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോ പോലിസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നു പേര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പിണറായി വിജയന്റെ കൂടെ ഉണ്ടായിരുന്നയാളാണ് പ്രതിഷേധക്കാരെ തടഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടയോ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പേരോ പരാമര്‍ശിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുന്നത്.