യു.പിയിലെ പൊളിക്കലിന് സ്റ്റേ ഇല്ല; പ്രതികാരബുദ്ധിയോടെ പൊളിക്കരുത്: സുപ്രീംകോടതി

യു.പിയിലെ പൊളിക്കലിന് സ്റ്റേ ഇല്ല; പ്രതികാരബുദ്ധിയോടെ പൊളിക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണമെന്ന പേരില്‍ യു.പിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് സ്‌റ്റേ നല്‍കാതെ സുപ്രീം കോടതി. പൊളിക്കല്‍ പ്രതികാര ബുദ്ധിയോടെയാവരുതെന്നും നിയമാനുസൃതമായിരിക്കണമെന്നും നിര്‍ദേശം നല്‍കി. നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് യു.പി സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

‘പൊളിക്കരുതെന്ന് പറയാനാവില്ല, എന്നാല്‍ നിയമപ്രകാരം മാത്രമേ പോകാവൂ എന്നു പറയാം. അധികാരികള്‍ നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അപകടമൊന്നും സംഭവിക്കാതിരിക്കാന്‍ സുരക്ഷിതത്വം ഉറപ്പാക്കണം’- എന്നും ജഡ്ജിമാര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് പൊളിച്ചുനീക്കലിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ നിയമാനുസൃതമായാണ് പൊളിക്കല്‍ നടപടിയെന്നും രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും യു.പി സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്.

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകള്‍ അനധികൃതമെന്ന് ആരോപിച്ച് യു.പി സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിനെതിരേയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കോടതിയെ സമീപിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദിന്റെ അടക്കം നിരവധി പേരുടെ വീടുകള്‍ പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *