കോഴിക്കോട്: പൊതുജനാരോഗ്യ ബില്ലില്‍ പൊതുജനാഭിപ്രായം തേടിയ സെലക്ടര്‍ കമ്മിറ്റി തീരുമാനം സ്വാഗതാര്‍ഹമാണെന്നും ബില്ലില്‍ എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷാനിര്‍ഭരമാണെന്നും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന-ജില്ലാ-പ്രാദേശികതല അധികാര സ്ഥാനങ്ങളിലും രോഗ-പ്രതിരോധ, രോഗ ചികിത്സാ മേഖലകളിലും അലോപ്പതി മാത്രം മുന്‍ നിര്‍ത്തിയുള്ള ബില്‍ പാസായാല്‍ ആയുഷ് വിഭാഗങ്ങള്‍ക്ക് സാംക്രമിക രോഗ ചികിത്സയും ജീവിതശൈലി രോഗ ചികിത്സയും അസാധ്യമാകും. അലോപ്പതി ചികിത്സക്ക് പ്രാധാന്യം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഏതു ചികിത്സ തിരഞ്ഞെടുക്കണമെന്ന പൊതുജനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.
ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് സിസ്റ്റങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി ന്യൂനതകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുംവിധം പ്രായോഗിക മാറ്റം വരുത്തി ബില്‍ പാസാക്കണം. എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും തുല്യനീതി നല്‍കാതെ ബില്‍ പാസായാല്‍ ജനങ്ങളെയടക്കം പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. സജി, സംസ്ഥാന സെക്രട്ടറി ഡോ. ലത.ഡി, ട്രഷറര്‍ ഡോ. അഷ്‌റഫ് സൊഹൈല്‍, ജില്ലാ പ്രസിഡന്റ് ഡോ.പി.വി സുരേഷ്‌കുമാര്‍, ഡോ.ടി. റംസല്‍ പങ്കെടുത്തു.