തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും സെക്രട്ടേറിയറ്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് പോലിസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും പരുക്കേറ്റു.
അതേസമയം മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മഹിളാമോര്‍ച്ചയും പ്രതിഷേധം നടത്തി. മുഖ്യമന്ത്രി, എ.ശിവശങ്കര്‍, കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മുഖംമൂടി വച്ച് കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. സ്വര്‍ണ ബിരിയാണി എന്ന പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കരണവും പ്രവര്‍ത്തകര്‍ നടത്തി.