ആലപ്പുഴ: അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് തകര്‍ത്ത സംഭവത്തില്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. പുറക്കാട് സ്വദേശികളായ അബ്ദുള്‍ സലാം, ഷിജാസ്, രതീഷ്, അഷ്‌ക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ യഥാര്‍ത്ഥ പ്രതികളെയല്ല പോലിസ് അറസ്റ്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫിസ് ആക്രമിച്ച പ്രതികളെ രക്ഷപ്പെടുത്തിയതിന് ശേഷം സി.പി.എം നിര്‍ദേശിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ പ്രകടനത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫിസിന്റെ ജനല്‍ ചില്ലുകളും ഓഫിസിന് മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്തിരുന്നു. കൊടിമരം പിഴുതുമാറ്റുകയും പതാക വലിച്ചു കീറുകയും ട്യൂബ് ലൈറ്റുകള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തിരുന്നു.