കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഓഫിസിലെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. ഇന്നലെ സംസ്ഥാനത്ത് പരക്കെ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇന്ദിരാഭവന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ പ്രശാന്ത് എം.എല്‍.എ.യുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി.
ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലിസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി. രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിച്ചതിലും സംസ്ഥാനമൊട്ടാകെ സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു.