- കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്‍പില്‍ ഹാജരായി. പോലിസ് വിലക്ക് ലംഘിച്ച് നടന്നാണ് ഇ.ഡി ഓഫിസിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്. കനത്ത സുരക്ഷയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രാഹുലും പ്രിയങ്കയും ഒന്നിച്ചാണ് എഐസിസി ആസ്ഥാനത്ത് നിന്ന് രാവിലെ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയത്.
വിലക്കുണ്ടായിട്ടും നടന്നുവന്ന രാഹുല്‍ഗാന്ധിക്കൊപ്പം നിരവധി കോണ്‍ഗ്രസ് പ്രവര്‍കരുമുണ്ടായിരുന്നു. ഇവരില്‍ പലരെയും പോലിസ് കസ്റ്റഡിയിലെടുത്തു. കെ.സി വേണുഗോപാല്‍ എം.പി, രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡീന്‍ കുര്യാക്കോസ് എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇ.ഡി ഓഫിസിന് മുന്നില്‍ വച്ച് പോലിസ് തടഞ്ഞു. പോലിസ് നടപടിക്കിടെ കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു. കെ.സിക്ക് വെള്ളം കൊടുക്കാന്‍ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ഡല്‍ഹി പോലിസ് അതൊന്നും കേള്‍ക്കാതെ കെ.സി വേണുഗോപാലിനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്ന കെ.സി വേണുഗോപാല്‍ നെഗറ്റീവായിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ.സി വേണുഗോപാലിന്റെ ഷര്‍ട്ടും മാസ്‌കുമെല്ലാം കീറിയ നിലയിലായിരുന്നു.
രാവിലെ നാടകീയരംഗങ്ങളാണ് എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫിസിന് മുന്നിലും അരങ്ങേറിയത്. രാവിലെ ഇ.ഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുന്‍ കോണ്‍ഗ്രസ് എം.പി ഉദിത് രാജിനെ പോലിസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.