താമസം ഗസ്റ്റ്ഹൗസില്‍; കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് പഴുതടച്ച സുരക്ഷ

കറുപ്പിന് വിലക്കില്ല

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ പരിപാടികള്‍ക്ക് മുഖ്യന് കനത്ത സുരക്ഷ. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 700 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

പൊതുപരിപാടി നടക്കുന്ന തളിപ്പറമ്പിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ഓരോ 500 മീറ്ററിലും പോലിസിനെ വിന്യസിക്കും. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. വേദിയില്‍ ഇരിക്കുന്നവരുടെ വാഹനങ്ങള്‍ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ.

കണ്ണൂരില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കില്ല. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയാല്‍ അഴിച്ചുമാറ്റില്ലെന്ന് പോലിസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രി ഒന്‍പത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടിയെ തുടര്‍ന്ന് തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി പോലിസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസിലാണ് കഴിഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രക്കിടയില്‍ കരിങ്കൊടി പ്രതിഷേധവുമായി നിരവധി സംഘടനകള്‍ എത്തിയിരുന്നു. ഇന്നലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുന്ന വഴി വടകരയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. തുടര്‍ന്ന് പത്ത് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുള്ള ജില്ലയില്‍ പോലിസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെയും നിയോഗിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *