കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന കലൂര്‍ മെട്രോ സ്റ്റേഷനില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോയില്‍ കയറാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലിസ്
വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലിസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കും വിലക്കി.
അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് കലൂരിലെ പോലിസ് വിന്യാസം. കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയില്‍ എല്ലായിടത്തും പൊലീസ് കാവല്‍ നിന്നു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണ് കൊച്ചിയിലും കറുത്ത് മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പോലിസിന് അത്തരം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നല്‍കിയതും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വേഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്.