പ്രവാചകന് എതിരായ പരാമര്‍ശം; പ്രതിഷേധം ശക്തം, യു.പിയില്‍ കൂട്ട അറസ്റ്റ്

പ്രവാചകന് എതിരായ പരാമര്‍ശം; പ്രതിഷേധം ശക്തം, യു.പിയില്‍ കൂട്ട അറസ്റ്റ്

ലക്‌നൗ: പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 227 പേരെ പോലിസ് അറസറ്റ് ചെയ്തു. സഹന്‍പൂര്‍,മൊറാദാബാദ്, എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലക്‌നൗ, കാണ്‍പൂര്‍, ഫിറോസാബാദ് എന്നീ പ്രദേശങ്ങളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.

അതേസമയം പ്രതിഷേധത്തിനിടെ റാഞ്ചിയില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ പരുക്കേറ്റ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. 11 പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് റാഞ്ചിയില്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി നിര്‍ത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ സംഘര്‍ഷം ഉണ്ടായ ഒന്‍പത് സംസ്ഥാനങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും വേണ്ടി വന്നാല്‍ അര്‍ധസൈനിക വിഭാഗത്തിന്റെ സഹായം തേടാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ഡല്‍ഹി ജമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പോലിസ് കേസെടുത്തു. ഉത്തരവ് ലംഘിച്ച് പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *