കോഴിക്കോട്: കേരളത്തിന്റെ ആതിഥ്യമര്യാദയെ വേണ്ട രീതിയില്‍ വിപണനം ചെയ്താല്‍ ടൂറിസംരംഗത്ത് സംസ്ഥാനത്തിന് ഗുണകരമാകുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മലബാര്‍ ടൂറിസം കൗണ്‍സില്‍ സംഘടിപ്പിച്ച ടൂറിസം എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കൊണ്ട് ലോകത്ത് ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം. എന്നാല്‍, അത് പെട്ടെന്ന് മറികടക്കാന്‍ സാധിക്കുന്ന മേഖലയും ഇത് തന്നെയാണ്. ടൂറിസം എക്‌സ്‌പോകള്‍ ഈ മേഖലക്ക് ഏറെ ഉണര്‍വ് നല്‍കുന്നതാണെന്നും ഇത്തരം കൂട്ടായ്മകളെ സര്‍ക്കാര്‍ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിലെ ചെറിയ ചെലവിലുള്ള മെഡിക്കല്‍ ടൂറിസത്തെയും കാര്യമായി മാര്‍ക്കറ്റ് ചെയ്താല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ഏറെ പിന്തുണ നമുക്ക് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍വച്ച് ടൂറിസം ലീഡര്‍ഷിപ്പ് അവാര്‍ഡ് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ മുഹമ്മദിനും എം.ടി.സി കൗണ്‍സില്‍ അവാര്‍ഡ് കണ്ണൂര്‍ ടൂര്‍സ് ആന്റ് ഹോളിഡെയിസ് ഡയറക്ടര്‍ ഷഹില്‍ മരിയം മുണ്ടക്കലിനും മന്ത്രി സമ്മാനിച്ചു. ചെമ്മാട് നാഷണല്‍ ട്രാവല്‍സ് ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ വി.വി യൂസഫിനെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് സി.സജീര്‍ പടിക്കല്‍ അധ്യക്ഷത വഹിച്ചു. അഡൈ്വസറി മെമ്പര്‍ ടി.പി.എം ഹാഷിര്‍ അലി, ഷെഫീക്ക് ആനമങ്ങാടന്‍, പി.കെ ശുഹൈബ്, എ.കെ ശ്രീജിത്ത്, എം. മുബഷിര്‍, ഒ.എം രാകേഷ് , എം.എം അബ്ദുള്‍ നസീര്‍, സഞ്ജീവ് കുറുപ്പ്, രവിശങ്കര്‍.കെ, പി.വി മനു എന്നിവര്‍ പ്രസംഗിച്ചു.