കോഴിക്കോട്: മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഫാഷന്‍ ഷോയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഡോണ്‍ലിയും ശീതളും. ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഡോണ്‍ലിയും ഭാരതീയ വിദ്യാഭവന്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ശീതള്‍രാജ് പുരോഹിതുമാണ് ഫാഷന്‍ റണ്‍വേയുടെ രാജ്യാന്തര ഫാഷന്‍ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കുമരകത്തു സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ കോണ്‍ടസ്റ്റിലെ വിജയികളാണ് ഇരുവരും. സെലക്ഷന്‍ ട്രയല്‍സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡോണ്‍ലി വിന്നറും പെണ്‍കുട്ടികളില്‍ ശീതള്‍ ഫസ്റ്റ് റണ്ണര്‍അപ്പുമാണ്. ഒക്ടോബറില്‍ അര്‍മേനിയയിലാണ് മെഗാ ഫൈനല്‍.
ഇന്റര്‍നാഷണല്‍ പേജന്റ് കോച്ചും റണ്‍വേ കൊറിയോഗ്രഫറുമായ അരുണ്‍ രത്‌നയുടെ നേതൃത്വത്തിലുള്ള ഫാഷന്‍ റണ്‍വേ നാലു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്കായി ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണലും 13-18 പ്രായപരിധിയിലുള്ളവര്‍ക്ക് മിസ്റ്റര്‍ ആന്‍ഡ് മിസ് സൂപ്പര്‍ ഗ്ലോബ് മത്സരങ്ങളുമാണ് നടത്തിവരുന്നത്. മേയ് 26 മുതല്‍ 29 വരെ കുമരകത്ത് നടന്ന സെലക്ഷന്‍ റൗണ്ടില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മാറ്റുരച്ചു. നാലു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നൃത്തത്തിലും മോഡലിങ്ങിലും മികവു പുലര്‍ത്തുന്ന ഡോണ്‍ലിയും ശീതളും കൊറിയോഗ്രഫര്‍ മന്‍സൂര്‍ മായനാടിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
മാങ്കാവ് സ്വദേശികളായ നിഖില്‍ -സൗമ്യ ദമ്പതികളുടെ മകനാണ് ഡോണ്‍ലി. കോഴിക്കോട് ജയില്‍റോഡില്‍ താമസിക്കുന്ന മുകേഷ്‌രാജ് പുരോഹിത് – രേഖ രാജ് പുരോഹിത് ദമ്പതികളുടെ മകളാണ് ശീതള്‍.