തിരുവനന്തപുരം: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം ഒറ്റപ്പെട്ട സംഭവമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ ഒഴുക്ക് ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ഭരണത്തില്‍ ഒരിടം കിട്ടാനും വേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി കൂടുതല്‍ അക്രമണോത്സുകരും നിഷേധികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണെന്ന് സ്വര്‍ണക്കടത്ത് ആരോപണങ്ങളെ പ്രതിരോധിച്ച് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ തള്ളിയ പെരുംനുണ വീണ്ടും എഴുന്നെള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എല്‍.ഡി.എഫിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.