- ശതാബ്ദി വര്‍ഷത്തില്‍ നൂറ് വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കും
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ജൂണ്‍ 12ന് വൈകീട്ട് അഞ്ചരക്ക് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയം അങ്കണത്തില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് രൂപതാ മെത്രാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടനചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാബ്ലാനി മുഖ്യപ്രഭാഷണവും കണ്ണൂര്‍ രൂപതാ ബിഷപ്പ് റവ: ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും നടത്തും. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍പോളി കണ്ണൂക്കാടന്‍, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ബത്തേരി ബിഷപ്പ് റവ: ഡോ. ജോസഫ് മാര്‍ തോമസ്, റവ: ഡോ. തോമസ് മാര്‍തീത്തോസ് എപ്പിസ്‌കോപ്പ, സി.എസ്.ഐ ബിഷപ്പ് റോയ്‌സ് മനോജ് കുമാര്‍ വിക്ടര്‍, എം.കെ രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടി.സിദ്ധീക്ക് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. നരസിംഹഗരി ടി.എല്‍ റെഡ്ഢി, പി. രഘുനാഥ് ബി.ജെ.പി, മോണ്‍സിഞ്ചോര്‍ ജോണ്‍ ഒറവങ്കര, മോണ്‍സിഞ്ചോര്‍ പോള്‍ മുണ്ടോയിക്കല്‍, റവ: ഫാദര്‍ ഇ.പി മാത്യു, റവ: സിസ്റ്റര്‍ മരിയ ജെസീന മാര്‍ ജോസഫ് രെബല്ലോ ആശംസകള്‍ നേരും. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സ്വാഗതവും മോണ്‍ ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ നന്ദിയും പറയും.
ശതാബ്ദി വര്‍ഷത്തില്‍ പാവപ്പെട്ടവര്‍ക്ക് ബത്‌ലഹേം ഹൗസ് പൊജക്ടില്‍ ഉള്‍പ്പെടുത്തി നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കും. നസ്രത്ത് മാര്യേജ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നൂറ് പേര്‍ക്ക് വിവാഹ ധനസഹായം നല്‍കും. സൈക്കോ സ്പിരിച്വല്‍ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കും. രൂപതയിലെ അംഗങ്ങള്‍ക്കായി ജീവന്‍ സുരക്ഷാ നിക്ഷേപ പദ്ധതി തുടങ്ങും. സഭാംഗങ്ങളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ പഠനം നടത്തുന്ന ഹോം മിഷന്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും. യൂത്ത് വെല്‍ഫെയര്‍ സെന്ററും കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ് സെന്ററും ആരംഭിക്കും. വയനാട് പള്ളിക്കുന്നിലും മലപ്പുറം കുന്നുമ്മലിലും റിട്രീറ്റ് സെന്ററും ആരംഭിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ (വികാരി ജനറല്‍ കോഴിക്കോട് രൂപത), ഫാദര്‍ സൈമണ്‍ പീറ്റര്‍- മീഡിയ ഡയറക്ടര്‍, ഫാദര്‍ സാന്‍ജോസ് അനില്‍- മീഡിയ കറസ്‌പോണ്ടന്റ്, സിസ്റ്റര്‍ പ്രീതി ജോര്‍ജ് ബി.എസ്, സനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.