കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡാണ് വില്ലനായതെങ്കില്‍ ഇത്തവണ അത് ഇന്ധന വിലവര്‍ധനവാണ്. ട്രോളിങ് കൂടി എത്തിയതോടെ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കും.
52 ദിവസത്തേക്കാണ് നിയന്ത്രണം. അന്യസംസ്ഥാന ബോട്ടുകള്‍ നിരോധനത്തിന് മുന്‍പേ തീരം വിട്ടുപോകണമെന്നാണ് നിര്‍ദേശം. ഈ സമയത്ത് സര്‍ക്കാര്‍ സഹായമാണ് മത്സ്യത്തൊഴിലാളികളുടെ ഏക പ്രതീക്ഷ.
സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അതുപോലെ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെടുന്നു. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.
നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സീ റെസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റെസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും.
ജില്ലയില്‍ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി പറഞ്ഞിരുന്നു.