ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയുടെ 16ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും വിജ്ഞാപനം ജൂണ്‍ 15ന് ഇറക്കുമെന്നും വോട്ടെണ്ണല്‍ ജൂലൈ 21ന് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും ചേര്‍ന്ന ഇലക്ട്രല്‍ കോളജ് ആണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. 4,809 വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാവില്ല. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആയിരിക്കും തെരഞ്ഞെടുപ്പ് വരണാധികാരി. കോഴയോ സമ്മര്‍ദ്ദമോ ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
നിലവിലെ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പ്രസിഡന്റ് ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.