കോഴിക്കോട്: കേരള ഗവണ്‍മെന്റിന്റെ മൂന്നാം ലോക കേരളസഭയിലേക്ക് അമേരിക്കയിലെ മലയാളി പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായ യു.എ നസീര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി കേരള സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, റസൂല്‍ പൂക്കുട്ടി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്ന 27 അംഗ പാനലിലാണ് അദ്ദേഹം അംഗമായിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരെ കൂടാതെ 170 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രമുഖരാണ് മൂന്നാം കേരളസഭയില്‍ ഉണ്ടാവുക. ജൂണ്‍ 17-18 തീയതികളില്‍ തിരുവനന്തപുരം ലെജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്‌സിലാണ് പുതിയ ലോക കേരളസഭയുടെ സമ്മേളനം നടക്കുന്നത്.
യു.എ നസീര്‍ അമേരിക്ക ആന്‍ഡ് കാനഡ കെ.എം.സി.സി, നന്മ തുടങ്ങിയ സംഘടനകളില്‍ നേതൃപരമായ സ്ഥാനം വഹിക്കുന്നുണ്ട്. പുറമെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ്. മുന്‍ മന്ത്രിയും സാഹിത്യകാരനുമായ യു.എ ബീരാന്‍ സാഹിബിന്റെ പുത്രനായ യു.എ നസീര്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം നയിച്ച് വരുന്നു.