കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനായി വന്ന് തന്നോട് മൊഴി മാറ്റാനാവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ വധഭീഷണി മുഴക്കിയെന്ന ഗുരുതര വെളിപ്പെടുത്തല്‍ സ്വപ്ന സുരേഷ് നടത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ ആരോപണങ്ങള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഷാജി കിരണ്‍.
സ്വപ്നയും താനും സുഹൃത്തുക്കളാണെന്നും അവരോട് മൊഴിതിരുത്താനാവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സുരക്ഷയെ മുന്‍നിര്‍ത്തി വിഡ്ഢിത്തം കാണിക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്വകാര്യ ചാനലുമായുള്ള പ്രത്യേക അഭിമുഖത്തില്‍ ഷാജി കിരണ്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചു. യു.പി രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ വന്നത്. ഇന്ന് രാവിലെ പത്ത് മണിക്കകം മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കാന്‍ അയാള്‍ പറഞ്ഞു. പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും. പത്ത് വയസ്സുള്ള മകന്‍ വീട്ടില്‍ തനിച്ചാകുമെന്നും അയാള്‍ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് പറഞ്ഞ അയാള്‍ തന്നെ വെളിച്ചം കാണാതെ ജയിലിലടക്കുമെന്നും പറഞ്ഞു. ഷാജികിരണിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും സ്വപ്‌ന സുരേഷ് രാവിലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്‍കാന്‍ സരിത്ത് നിയമവിദഗ്ധരുടെ അഭിപ്രായം തേടി. വിജിലന്‍സ് നടപടിയിലടക്കം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്ന് സരിത്ത് വ്യക്തമാക്കി. 16ന് വീണ്ടും ഹാജരാകാന്‍ സരിത്തിന് വിജിലന്‍സ് നോട്ടിസ് നല്‍കിയിട്ടുണ്ട്. സരിത്തിന്റെ മൊബൈല്‍ഫോണും വിജിലന്‍സിന്റെ കസ്റ്റഡിയിലാണ്. ഈ ഫോണുകള്‍ പരിശോധനക്ക് നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.