കോഴിക്കോട്: ഐക്യത്തോടെ മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് തൃക്കാക്കരയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം എവിടെയൊക്കെയോ ഉണ്ടായ അക്ഷരതെറ്റുകളാണ്, ഐക്യം നഷ്ടപ്പെട്ടതാണ്, അച്ചടക്കം ഇല്ലാതായതാണ്, നേതാക്കന്‍മാരുടെ തന്‍പോരിമയാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ക്കാല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലീഡേഴ്‌സ് മീറ്റും സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്തിന് നല്‍കിയ സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ജയ സാധ്യതയുള്ള നാദാപുരമടക്കമുള്ള സീറ്റുകള്‍ അനൈക്യംമൂലം നഷ്ടപ്പെട്ടതാണ്. സി.പി.എമ്മിന് ഭരണം വെള്ളി തളികയില്‍ വെച്ചുകൊടുത്തത് കോണ്‍ഗ്രസുകാരാണ്. തെറ്റുകള്‍ തിരുത്തി അണികളോടൊപ്പംനിന്ന് വീണ്ടും ശക്തിയാര്‍ജിച്ച് കോണ്‍ഗ്രസ് മുന്നോട്ട് വരണം. തൃക്കാക്കര സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനുള്ള മറുപടിയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ച അശ്ലീല നാടകമാണ് സി.പി.എം കളിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് എ.ഐസി.സി പ്രസിഡന്റുമാര്‍, കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ.മൊയ്തു മൗലവി, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, അക്കാമ്മ ചെറിയാന്‍, ആനി ബസന്റ് ഇവരെല്ലാം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് നേതൃത്വ നിരയിലെത്തി പാര്‍ട്ടിയെ നയിച്ചവരാണെന്നും ന്യൂനപക്ഷ വിഭാഗത്തെ എന്നും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കോണ്‍ഗ്രസ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ടി.കെ മിജാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എം നിയാസ്, പി.എം അബ്ദുറഹിമാന്‍, എം.കെ ബീരാന്‍, സത്യന്‍ കടിയങ്ങാട്, എ. മമ്മദ് കോയ, കെ.വി ആലിക്കോയ, സി. അബ്ദുള്‍ നാസര്‍ ഖാന്‍, പി.പി സാമിക്കുട്ടി, ലത്തീഫ് പാലക്കണ്ടി, രാജേഷ് കീഴരിയൂര്‍
പ്രസംഗിച്ചു.