സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് പി.സി ജോര്‍ജ്

സ്വപ്നയുടെ കത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തി പി.സി ജോര്‍ജ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കുണ്ടെന്ന് പി.സി ജോര്‍ജ്. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ചാണ് താന്‍ സ്വപ്‌നയെ കണ്ടത്. അന്ന് സ്വപ്‌ന നല്‍കിയ കത്ത് തന്റെ കൈവശമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലാണ് സ്വപ്‌ന തന്നെ കാണാന്‍ എത്തിയത്. വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം ഹൈക്കോടതിയെ സമീപിക്കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ സ്വപ്‌ന വരാതിരുന്നതിനാലാണ് അത് ചെയ്യാതിരുന്നത്.

സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഫോണില്‍ വിളിച്ചിട്ട് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാന്‍ സീറ്റ് അറേഞ്ച്മെന്റേ് എല്ലാം ശരിയാക്കാന്‍ പറഞ്ഞിരുന്നു. അന്ന് അവര്‍ അറബ് കോണ്‍സുലേറ്റിലെ സെക്രട്ടറിയാണ്. ആദ്യമായിട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്‌നയെ വിളിക്കുന്നത്. അവര്‍ ഉടന്‍ അവിടുത്തെ അറേഞ്ച്മെന്റ് എല്ലാം ചെയ്തു. പിന്നീട് ശിവശങ്കര്‍ വീണ്ടും വിളിച്ചു. മുഖ്യമന്ത്രി പോയെന്നും എന്നാല്‍ ഒരു ബാഗേജ് കൊണ്ടുപോകാന്‍ പറ്റിയില്ല. അത് അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണമെന്നും പറഞ്ഞു. ഉടനെ തന്നെ സ്വപ്‌ന കോണ്‍സുലേറ്റിലെ അഹമ്മദ് എന്ന കോണ്‍സുലേറ്ററിനെ വിളിച്ചുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബാഗേജ് വന്നുകഴിയുമ്പോ സ്വാഭാവികമായും അത് സ്‌കാന്‍ ചെയ്യും. അങ്ങനെ സ്‌കാന്‍ ചെയ്തപ്പോ അതിനുള്ളില്‍ നോട്ടുകെട്ടുകളാണ് ഉള്ളതെന്ന് കണ്ടെത്തി. സരിത്ത്‌ ആയിരുന്നു അന്ന് പി.ആര്‍.ഒ. അയാള്‍ ഇത് കണ്ടു, ശേഷം ബാഗേജ് അയക്കുകയും ചെയ്തു. മുഖ്യമന്ത്രി തിരികെയെത്തിയതിനു പിന്നാലെ ബാഗേജ് തിരിച്ചുവന്നു. നയതന്ത്രബാഗേജ് ആകുമ്പോ ആരും പരിശോധിക്കില്ലല്ലോ. സരിത്തും സ്വപ്‌നയും നോക്കിയിട്ടാണ് ഇത് പുറത്തുവിട്ടത്. പുറത്തുവിട്ടപ്പോ കസ്റ്റംസിന് ഒരു സംശയം തോന്നി. തുറന്നുപരിശോധിക്കണമെന്ന് പറഞ്ഞു. നയതന്ത്രബാഗേജാണെന്നും പരിശോധിക്കാന്‍ പറ്റില്ലെന്നും സ്വപ്‌ന പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും വിളിച്ചു പറഞ്ഞു തുറന്നുനോക്കേണ്ട കാര്യമില്ല, നേരെ അയച്ചേക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കസ്റ്റംസ് സമ്മതിച്ചില്ല. അങ്ങനെ തുറന്നപ്പോഴാണ് 30 കിലോ സ്വര്‍ണം പിടികൂടിയതെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *