തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിനെതിരേ പോലിസില്‍ പരാതി നല്കി കെ.ടി ജലീല്‍. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്.
സ്വപ്ന തെറ്റായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിന്റെ പരാതിയില്‍ സര്‍ക്കാര്‍ കേസെടുത്തേക്കുമന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നുണ പ്രചാരണത്തിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനാണ് പരാതിയെന്നും ജലീല്‍ പറഞ്ഞു.